തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ ഒരാൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിനു പിന്നാലെ, പ്രദേശത്തെ ഒരു ബേക്കറിയിൽ വിൽപന നടത്തിയിരുന്ന ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറി അടിയന്തരമായി അടപ്പിച്ചു.
സംശയാസ്പദമായ സാഹചര്യത്തിൽ ബേക്കറിയിൽ നിന്ന് ഉദ്യോഗസ്ഥർ ശേഖരിച്ച ഓറഞ്ച് നിറത്തിലുള്ള പാനീയത്തിന്റെ സാമ്പിൾ വഞ്ചിയൂരിലെ സർക്കാർ ലബോറട്ടറിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് പാനീയത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ബേക്കറിയിൽ നേരിട്ട് തയ്യാറാക്കുന്ന കാർബണേറ്റഡ് പാനീയമാണിത്.
പ്രാദേശികമായി മാത്രം വിൽപന നടത്തിയിരുന്ന ഉൽപന്നമായതിനാൽ ഇത് വലിയ തോതിൽ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. പ്രദേശവാസിയായ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതോടെ കാട്ടാക്കടയിലും പരിസര പ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ ഊർജിതമാക്കി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ബാക്ടീരിയ പടരാൻ കാരണമായതെന്നാണ് സൂചന. പ്രദേശത്തെ മറ്റ് വിൽപനശാലകളിലും വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.