കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അടുത്ത തിങ്കളാഴ്ച വരെയാണ് വിചാരണ നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിചാരണാ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ചാണ് ഈ നടപടി. അപ്പീലിൽ പ്രോസിക്യൂഷൻ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയായിരുന്നു കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെ പ്രതികളെ കോടതിയിൽ വെച്ച് സാക്ഷികൾ തിരിച്ചറിയുകയും ചെയ്തിരുന്നു. വിചാരണാ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നേരത്തെ സമർപ്പിച്ച ഹർജി അഡീഷണൽ സെഷൻസ് കോടതി (1) ജഡ്ജി സി ജെ ഡെന്നി തള്ളിയിരുന്നു. സത്യവാങ്മൂലം ഇല്ലാത്തതിനാൽ ആദ്യതവണ തള്ളിയ ഹർജി, പിന്നീട് അത് ഉൾപ്പെടുത്തി വീണ്ടും സമർപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
2018 ഫെബ്രുവരി 18-ന് രാത്രി പത്തരയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. മട്ടന്നൂർ കീഴൂർ തെരുവിലെ തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കവെ മാരകായുധങ്ങളുമായി എത്തിയ സംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ആദ്യ കുറ്റപത്രത്തിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 11 പേരായിരുന്നു പ്രതികൾ. തുടർന്ന് നടന്ന അന്വേഷണത്തിൽ ആറ് പേരെക്കൂടി ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.