കണ്ണൂർ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ഇൻഡിഗോ (6E 2011) വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതരെയും അടിയന്തരമായി വിവരം അറിയിച്ചതിനെത്തുടർന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിമാനം നിലവിൽ വിമാനത്താവളത്തിലെ ഐസോലേഷൻ ബേയിൽ നിർത്തിയിട്ടിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ തുടരുകയാണ്.
സംഭവത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിമാനത്തിൽ അരിച്ചുപെറുക്കിയുള്ള പരിശോധന നടക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്.