കണ്ണൂർ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് കണ്ണൂരിലേക്കെത്തിയ ഇൻഡിഗോ വിമാനം (6E2011) അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ ആരംഭിച്ചു.
വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പേപ്പർ കഷ്ണത്തിലാണ് ഭീഷണി സന്ദേശം രേഖപ്പെടുത്തിയിരുന്നത്. ഇതിനെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. നിലവിൽ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി നിർത്തിയിരിക്കുകയാണ്.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡും സുരക്ഷാ വിഭാഗവും പരിശോധന നടത്തിവരികയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്.