കുഴൽമന്ദം: കിണർ വൃത്തിയാക്കുന്നതിനിടെ കോൺക്രീറ്റ് തൂൺ തകർന്നു വീണ് യുവാവ് ദാരുണമായി മരിച്ചു. പെരുങ്കുന്നം തെക്കേക്കര സ്വദേശി രാമദാസ് (29) ആണ് മരിച്ചത്. കുഴൽമന്ദം ചരപ്പറമ്പ് സ്വദേശി ശശിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കിണർ വൃത്തിയാക്കി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ വക്കിൽ സ്ഥാപിച്ചിരുന്ന കപ്പിയും കയറും ഉൾപ്പെടെയുള്ള തൂൺ അടർന്നു വീഴുകയായിരുന്നു. തൂൺ നേരിട്ട് ശരീരത്തിൽ പതിച്ച രാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ ഉടൻ ആലത്തൂർ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് കിണറ്റിൽനിന്നും മൃതദേഹം പുറത്തെടുത്തത്.
തുടർന്ന് കുഴൽമന്ദം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. അംബികയാണ് ഭാര്യ. ആദി കൃഷ്ണൻ, ആദിത്യൻ എന്നിവർ മക്കളും ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവർ സഹോദരങ്ങളുമാണ്.