അയ്യമ്പള്ളി: കലാകാരിയായ ശ്രീജ കളപ്പുരക്കലിന് നേരെ അയൽവാസിയുടെ ക്രൂരമായ ആക്രമണം. റോഡിലെ വെള്ളമൊഴുക്ക് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഞായറാഴ്ച വൈകുന്നേരം എറണാകുളം അയ്യമ്പള്ളിയിലാണ് സംഭവം നടന്നത്. ഇരുമ്പുചൂല് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ശ്രീജയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു.
അയ്യമ്പള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ശ്രീജ നേരത്തെയും അയൽവാസിയായ സണ്ണിൽ നിന്ന് ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പരാതിപ്പെടുന്നു. തന്നോട് നിരന്തരം മോശമായി പെരുമാറുകയും ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നതായി ശ്രീജ ആരോപിച്ചു. വീടിന് മുൻപിലുള്ള ഓട സണ്ണി മണ്ണിട്ട് മൂടിയത് വെള്ളക്കെട്ട് ശ്രീജയുടെ വീട്ടിലേക്ക് വഴിതിരിച്ചുവിടാനാണെന്നും അവർ പറഞ്ഞു. വാർഡ് കൗൺസിലറുടെ സാന്നിധ്യത്തിൽ തർക്കം നടക്കവേ സണ്ണി അപ്രതീക്ഷിതമായി ഇരുമ്പുചൂൽ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പരാതി ഉയർന്നെങ്കിലും പോലീസ് നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് ശ്രീജ ആരോപിക്കുന്നു. അതേസമയം, ആക്രമണത്തിൽ ഉൾപ്പെട്ട അയ്യമ്പള്ളി സ്വദേശി സണ്ണിയെ മുനമ്പം പോലീസ് പിന്നീട് പിടികൂടി. നിയമനടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.