തിരുവനന്തപുരം: നരിവാമൂട്ടിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പതിനേഴുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. പുന്നമൂട് സ്കൂളിന് സമീപമാണ് സംഭവം നടന്നത്. ശിവസൂര്യ എന്ന കൗമാരക്കാരനാണ് മരിച്ചത്. സംഘർഷത്തിനിടെ സുഹൃത്തുക്കൾ തള്ളിയിട്ടതിനെത്തുടർന്ന് റോഡരികിലെ തുണിക്കടയുടെ ചില്ല് തകർന്ന് നെഞ്ചിൽ തറച്ചാണ് മരണം സംഭവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ പ്രകാരം സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.
സംഭവം നടന്ന സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മരണപ്പെട്ട ശിവസൂര്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കസ്റ്റഡിയിലുള്ള വ്യക്തിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.