മലക്കപ്പാറ: അമ്പലപ്പാറ പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് നീലഗിരി പന്തല്ലൂർ സ്വദേശി ധനുഷ് ശിവരാജ (21) ആണ് മുങ്ങിമരിച്ചത്. അപ്പർ ഷോളയാറിന് താഴെയുള്ള പുഴയിലാണ് അപകടം സംഭവിച്ചത്.
തമിഴ്നാട് ഷെയ്ഖൽമുടിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ധനുഷ്. ചടങ്ങിനെത്തിയ സംഘത്തോടൊപ്പം ഉച്ചയ്ക്ക് 12:30-ഓടെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മലക്കപ്പാറ പോലീസിന്റെ നേതൃത്വത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ അപകടം പ്രദേശവാസികളെയും ബന്ധുക്കളെയും വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.