തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട് സ്വദേശിയായ സുജിത്തിനെയാണ് കാണാതായത്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ് ഇദ്ദേഹം. പേയാട് കാവടി കടവിൽ വെച്ചാണ് സംഭവം നടന്നത്. ശക്തമായ മഴയെത്തുടർന്ന് കരമനയാറ്റിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് ശക്തമാവുകയും ചെയ്തിട്ടുണ്ട്.
മറ്റ് മൂന്ന് സൈനികർക്കൊപ്പമാണ് സുജിത്ത് കുളിക്കാനായി കരമനയാറ്റിൽ എത്തിയത്. ഇതിൽ സുജിത്തും മറ്റൊരു സുഹൃത്തും ആഴമേറിയ ഭാഗത്തേക്കാണ് ഇറങ്ങിയത്. മറ്റ് രണ്ട് പേർ താരതമ്യേന ഒഴുക്ക് കുറഞ്ഞ ഭാഗത്താണ് ഇറങ്ങിയത്. കുളിക്കുന്നതിനിടെ സുജിത്ത് പെട്ടെന്ന് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തും ഒഴുക്കിൽപ്പെട്ടെങ്കിലും, ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നിലവിൽ ആറ്റിലെ ശക്തമായ നീരൊഴുക്ക് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും സൈനികനായ സുജിത്തിനായി അതിശക്തമായ തെരച്ചിൽ തുടരുകയാണ്.