ദുബായ്:
പ്രവാസികൾക്ക് ദുബായ് നഗരത്തോടുള്ള ഇഷ്ടം വർധിച്ചു വരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി ദുബായ് മാറിക്കഴിഞ്ഞു. ഇവിടെ കുടുംബമായി താമസിക്കാനും ജോലി ചെയ്യാനും കൂടുതൽ സൗകര്യങ്ങൾ ഉണ്ട്.
ജിഡിആർഎഫ്എയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച് ദുബായിലേക്ക് താമസം മാറുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2021 മുതൽ 2026 വരെയുള്ള ആദ്യ പാദത്തിൽ ജിഡിആർഎഫ്എ അനുവദിച്ച വിസകളുടെ എണ്ണം ഗണ്യമായി ഉയർന്നു. ഈ കാലയളവിൽ വിദഗ്ധരായ ആളുകളുടെ കുടുംബങ്ങൾക്ക് 1,67,124-ൽ അധികം റെസിഡൻസി വിസകൾ നൽകി. കൂടാതെ റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ കുടുംബങ്ങൾക്ക് 1,00,286-ൽ അധികം റെസിഡൻസി വിസകളും നൽകിയിട്ടുണ്ട്.
ശാസ്ത്രജ്ഞർ, നിക്ഷേപകർ, ജീവകാരുണ്യ പ്രവർത്തകർ, മികച്ച വിദ്യാർത്ഥികൾ, ജോലിയിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവരുടെ കുടുംബങ്ങൾക്കും റെസിഡൻസി വിസകൾ നൽകിയിട്ടുണ്ട്. ദുബായിലെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി വിപുലമായ ഡിജിറ്റൽ സേവനങ്ങളാണ് ജിഡിആർഎഫ്എ ഒരുക്കിയിരിക്കുന്നത്. പാസ്പോർട്ട് വിതരണം, പുതുക്കൽ, കേടായ പാസ്പോർട്ടുകൾക്ക് പകരം പുതിയത് നൽകൽ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.