തൊടുപുഴ: ഇടുക്കി പെരിയ കനാലിൽ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനി ഭാഗ്യ ജ്യോതി (50) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പെരിയകനാലിൽ വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. നിരവധി പേർക്ക് സാരമായ പരിക്കേറ്റു. ഇന്നലെ തമിഴ്നാട് സ്വദേശിനി സ്റ്റെല്ല മേരി മരിച്ചിരുന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും അടക്കം 28 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.