കൊച്ചി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് വൈഎംസിഎ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന വൈഎംസിഎ ത്രിവത്സര കൗൺസിലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ദേശീയ പ്രസിഡന്റ് വിൻസെൻ്റ് ജോർജിനെ പരാജയപ്പെടുത്തിയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വിജയം.
എറണാകുളം വൈഎംസിഎയിൽ നടന്ന യോഗത്തിൽ മറ്റ് പ്രധാന ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി കെ.എസ്. പ്രേമാനന്ദ് (വൈഎംസിഎ ശിവമൊഗ്ഗ), ടി. സുമൻ ത്യാഗരാജ് (വൈഎംസിഎ വൈഎസ്ആർ തടിഗടപ്പ, വിജയവാഡ) എന്നിവരെയും അണ്ടർ 30 വൈസ് ചെയർപേഴ്സണായി മഹിമ തുർക്കി അഗർവാൾ (വൈഎംസിഎ ന്യൂ ബഡാഗഡ്), ദേശീയ ട്രഷററായി ഡോ. പീറ്റർ വിൽസൺ പ്രഭാകർ (വൈഎംസിഎ പുത്തൂർ) എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
ജസ്റ്റിസ് കുര്യൻ ജോസഫ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒക്കൽ വൈഎംസിഎയിലെ സജീവ അംഗമായ അദ്ദേഹം, വൈഎംസിഎ ചെന്നൈ ഫിസിക്കൽ എജ്യുക്കേഷൻ കോളേജിന്റെ ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള നിരവധി സുപ്രധാന പദവികൾ ഇതിനുമുമ്പും വഹിച്ചിട്ടുണ്ട്.