മുംബൈ: ട്രെയിനിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ താനെ സ്വദേശിയായ മോഡലും നടിയുമായ അന്തര സോഹം ബാനർജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഓഗസ്റ്റ് 12-ന് രാത്രി ബാന്ദ്ര-ഗംഗാനഗർ അരാവലി എക്സ്പ്രസിലായിരുന്നു സംഭവം. വെബ് സീരീസിന്റെ ഷൂട്ടിങ്ങിനായി സൂറത്തിലേക്ക് പോകുന്നതിനിടെയാണ് 31-കാരിയായ അന്തര സഹയാത്രികരുമായി തർക്കത്തിലേർപ്പെട്ടത്.
റിസർവ് ചെയ്ത സീറ്റിൽ ഇരുന്ന അന്തരയോട് സീറ്റ് ഒഴിയാൻ സഹയാത്രികൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. സീറ്റ് ഒഴിയാൻ വിസമ്മതിച്ചതിനെത്തുടർന്ന് സഹയാത്രികൻ ആർപിഎഫിനെയും ടിക്കറ്റ് പരിശോധകനെയും വിവരമറിയിക്കുകയായിരുന്നു. രാത്രി 9.30-നും 10.50-നും ഇടയിൽ നടന്ന സംഭവങ്ങൾ ട്രെയിനിലെ യാത്രക്കാരിൽ വലിയ പരിഭ്രാന്തി പരത്തി. ഇടപെടാൻ ശ്രമിച്ചവരെ അസഭ്യം പറയുകയും പ്രകോപിതയായി പെരുമാറുകയും ചെയ്ത അന്തര, വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കൈയിൽ ബ്ലേഡുമായി ഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്.
സംഘർഷത്തിനിടെ ബ്ലേഡ് കൊണ്ട് ആർപിഎഫ് ഉദ്യോഗസ്ഥയ്ക്കും അന്തരയ്ക്കും പരിക്കേറ്റു. ഉദ്യോഗസ്ഥയുടെ യൂണിഫോമും മൊബൈൽ ഫോണും കണ്ണടയും നശിപ്പിക്കപ്പെട്ടതായും പരാതിയിലുണ്ട്. ദഹാനു റെയിൽവേ സ്റ്റേഷനിൽ വെച്ച് അന്തരയെ ട്രെയിനിൽ നിന്ന് ഇറക്കി അധികൃതർക്ക് കൈമാറി. പിറ്റേന്ന് രാവിലെ ബോറിവലി റെയിൽവേ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 13-ന് അന്തരയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ജിആർപി സീനിയർ ഇൻസ്പെക്ടർ പാണ്ഡ്രിനാഥ് കാൻഡെ അറിയിച്ചു. സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കൽ, പൊതുസേവകരെ പരിക്കേൽപ്പിക്കൽ, ആക്രമണം, മനഃപൂർവം അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിയമസഹായത്തിനായി അഭിഭാഷകനെയോ ബന്ധുക്കളെയോ വിളിക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അന്തര സഹകരിക്കാൻ തയ്യാറായില്ലെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.