ചെന്നൈ: കാണാതായ പശുക്കളെ തിരയാൻ വനത്തിൽ പ്രവേശിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ കർണാടക വനംവകുപ്പ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ശക്തമായി അപലപിച്ചു. ആഗസ്റ്റ് 15-ന് പുലർച്ചെ കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിൽ ഉൾപ്പെടുന്ന കാവേരി വന്യജീവി സങ്കേതത്തിലായിരുന്നു ദാരുണമായ സംഭവം. ആന്റണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നീ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. കർണാടക വനംവകുപ്പ് നൽകിയ വിശദീകരണം അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.
വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന എം.കെ. സ്റ്റാലിന്റെ വിമർശനത്തിന് പിന്നാലെയാണ് വിജയ് തന്റെ ഔദ്യോഗിക പ്രതികരണം നടത്തിയത്. കർണാടക വനപാലകരുടെ നടപടി നടുക്കുന്നതാണെന്നും സത്യസന്ധമായ അന്വേഷണത്തിലൂടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ‘എക്സ്’ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ അടിയന്തര സഹായവും നഷ്ടപരിഹാരവും നൽകണമെന്നും, ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർണാടക പോലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐജി തലത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. നിരപരാധികളായ ഗ്രാമീണരെയാണ് വനപാലകർ വെടിവെച്ചു കൊന്നതെന്ന് എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്. ഇതിനിടെ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് ശക്തമായ പ്രതിഷേധത്തിലാണ്. ബന്ധുക്കൾ അനുമതി നൽകാത്തതിനെ തുടർന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇതുവരെ ആരംഭിക്കാൻ സാധിച്ചിട്ടില്ല. വനംവകുപ്പിന്റെ നടപടിക്കെതിരെ അതിർത്തി ഗ്രാമങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്.