മുംബൈ: പിറന്നാൾ ആഘോഷത്തിനിടെ കഴിച്ച കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നളസോപാരയിൽ 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഏഴ് കുട്ടികളും നാല് സ്ത്രീകളും അടങ്ങുന്ന സംഘത്തിനാണ് കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് വയറുവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ട ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സംഭവം ബേക്കറി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെയും ഭക്ഷ്യസുരക്ഷയെയും കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. വിഷയത്തിൽ അധികൃതർ പരിശോധന നടത്തിവരികയാണ്.
ഇതിനിടെ, താനെയിലെ ഗോദ്റെജ് ഹിൽ പ്രദേശത്തുള്ള ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്ക്രീം ഫ്രീസറിനുള്ളിൽ എലിയെ കണ്ടതായി ഉപഭോക്താക്കൾ ആരോപണമുന്നയിച്ചു. ഇതും ഭക്ഷ്യസുരക്ഷാ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന ആരോപണങ്ങൾ ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
മലാഡ് വെസ്റ്റിലെ ബ്ലിങ്കിറ്റുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനത്തിൽ അധികൃതർ നേരത്തെ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഈ സ്ഥാപനത്തിന്റെ എഫ്എസ്എസ്എഐ (FSSAI) ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വിവിധ സൗകര്യങ്ങളിൽ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധനകൾ കർശനമായി തുടരുന്നതിനിടെയാണ് പുതിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.