ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ ലക്ഷ്യവും അതിനായുള്ള തയ്യാറെടുപ്പുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രഖ്യാപിച്ചു. 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ കായിക ഭാവിയെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളുടെ ഭാഗമായി, 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായുള്ള ടാലന്റ് ഹണ്ട് പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഒളിമ്പിക്സിൽ ഇന്ത്യയുടെ പങ്കാളിത്തവും പ്രകടനവും മെച്ചപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഒളിമ്പിക്സിലെ 40 കായിക ഇനങ്ങളിലായി 325 മുതൽ 350 വരെ മത്സരങ്ങളുണ്ടെങ്കിലും, ഇതിൽ മൂന്നിൽ രണ്ട് ഇനങ്ങളിലും ഇന്ത്യയ്ക്ക് നിലവിൽ കാര്യമായ പങ്കാളിത്തമില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവരെ ശക്തമായ സാന്നിധ്യമില്ലാത്ത ഇത്തരം കായിക ഇനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ തീരുമാനം. ഗ്രാമങ്ങൾ, നഗരങ്ങൾ, വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഭാ വേട്ടയിലൂടെ കണ്ടെത്തുന്ന കുട്ടികൾക്ക് മികച്ച പരിശീലനവും പിന്തുണയും നൽകി ഭാവിയിലെ കായികതാരങ്ങളായി വളർത്തിയെടുക്കും.
അന്താരാഷ്ട്ര വേദികളിൽ കൂടുതൽ മെഡലുകൾ നേടുന്നതിനൊപ്പം പുതിയ കായിക ഇനങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശേഷി ഇത് തെളിയിക്കുമെന്നും പറഞ്ഞു. ഇതിനിടെ, സെപ്റ്റംബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 13 സ്വർണമടക്കം 39 മെഡലുകൾ നേടി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.