തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ രംഗത്ത്. സുകുമാരൻ നായർ എൻഎസ്എസ് നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ സമുദായത്തിന് വലിയ അപചയം സംഭവിച്ചതായി അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം മന്നം ക്ലബ്ബിൽ ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാരൻ നായരെ നേരിൽ കണ്ടപ്പോഴുണ്ടായ ദുരനുഭവം വിവരിച്ചുകൊണ്ടാണ് അനൂപ് ചന്ദ്രൻ എൻഎസ്എസ് നേതൃത്വത്തെ വിമർശിച്ചത്. പന്തളത്തെ എൻഎസ്എസ് കോളജിൽ പ്രവേശനം ലഭിക്കുന്നതിനായി കരയോഗാംഗത്തിന്റെ ശുപാർശക്കത്തുമായി ചങ്ങനാശ്ശേരിയിലെത്തിയപ്പോൾ സുകുമാരൻ നായർ മോശമായാണ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ശുപാർശക്കത്തിലെ വ്യക്തിയെക്കുറിച്ച് ചോദിച്ച് രൂക്ഷമായി പ്രതികരിച്ചതിനെ തുടർന്ന് അവിടെനിന്ന് മടങ്ങേണ്ടി വന്നുവെന്നും, പിന്നീട് കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ ഇടപെടലിലൂടെയാണ് പ്രവേശനം ലഭിച്ചതെന്നും അനൂപ് ചന്ദ്രൻ വ്യക്തമാക്കി. സമുദായത്തിലെ സാധാരണക്കാരോട് നേതൃത്വം മാന്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻകാലങ്ങളിൽ സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായവർ നേതൃത്വം നൽകിയിരുന്ന സമുദായം ഇന്ന് അധഃപതിച്ചുവെന്നും അനൂപ് ചന്ദ്രൻ ആരോപിച്ചു. എൻഎസ്എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തകര്ച്ചയെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. താൻ പഠിച്ച ചേർത്തല എൻഎസ്എസ് കോളജിലെ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സുകുമാരൻ നായരുടെ നേതൃത്വ കാലഘട്ടത്തിലെ സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.