കൊച്ചി: മലപ്പുറത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജ്ജിതമാക്കി. അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളുടെ ഉറവിടം, വിതരണ ശൃംഖല, ഇവ ഉപയോഗിക്കാനിരുന്ന ലക്ഷ്യങ്ങൾ എന്നിവ കണ്ടെത്താനാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഈ കേസിന് ദേശീയ സുരക്ഷയുമായി നേരിട്ടു ബന്ധമുണ്ടെന്ന് എൻഐഎ വിലയിരുത്തുന്നു. മുഖ്യപ്രതിയായ ഹാരിസ് ഉൾപ്പെടെയുള്ളവർക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്ന ആരോപണം കേസിൽ കൂടുതൽ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി മേയ് 30-ന് കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ എൻഐഎ ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമെ സ്ഫോടകവസ്തുക്കളുടെ നിർമാതാക്കളുടെയും വിതരണക്കാരുടെയും കേന്ദ്രങ്ങളിലും പരിശോധന നടന്നു. റെയ്ഡിൽ ജെലറ്റിൻ സ്റ്റിക്കുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, വിവിധ രേഖകൾ എന്നിവ എൻഐഎ പിടിച്ചെടുത്തു. ഫെബ്രുവരി ഏഴിന് ചെമ്മാട്-തളപ്പാറ റോഡിലെ ഒരു കമ്പനിയുടെ വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. KL-10-BF-8395 എന്ന ലോറിയിൽ നിന്ന് 89,600 ജെലറ്റിൻ സ്റ്റിക്കുകളും 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. സാധുവായ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ഇവ സംഭരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
തുടക്കത്തിൽ കേരള പോലീസ് അന്വേഷിച്ചിരുന്ന കേസ്, സംഭവത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്ത് ഏപ്രിലിൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. വലിയൊരു സ്ഫോടനത്തിന് വഴിവെക്കാൻ തക്ക ശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത് എന്നതിനാൽ ഉന്നതതല അന്വേഷണമാണ് നടക്കുന്നത്. അതേസമയം, മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന വിമർശനം ശക്തമാണ്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ നേതൃത്വങ്ങൾ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം പൊതുസമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.