വാളയാർ: കേരള-തമിഴ്നാട് അതിർത്തിയായ വാളയാറിന് സമീപം ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ചാവടിപ്പാറ പുതുപ്പതിയിൽ വെച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
അർധരാത്രി 12.30ഓടെയായിരുന്നു സംഭവം. മംഗളൂരു-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് ആനകൾ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പിടിയാനയും കുട്ടിയാനയും സംഭവസ്ഥലത്തുവെച്ചുതന്നെ ചരിഞ്ഞു. അപകടത്തെ തുടർന്ന് ട്രെയിൻ വനമേഖലയിൽ 20 മിനിറ്റോളം നിർത്തിയിടേണ്ടി വന്നു.
വിവരമറിഞ്ഞ് കേരള, തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽപ്പെട്ട ആനകളുടെ ജഡം നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലായതിനാൽ റെയിൽവേ പാളങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.