പാലക്കാട്: തച്ചമ്പാറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നംക്കോട് പാലക്കണി വീട്ടിൽ റഷീദിന്റെ മകൾ റിദ ഫാത്തിമയാണ് (16) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം നടന്നത്.
കുളിക്കാൻ കയറിയ വിദ്യാർത്ഥിനിയെ ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു.
മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ചയായി റിദ സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.