കൊച്ചി: സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. രാജ്യവ്യാപകമായി വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തുന്ന പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് നടപടി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 20 വരെ വിമാനത്താവളത്തിൽ അതീവ ജാഗ്രത തുടരുമെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ ചരക്കുകളുടെയും പരിശോധന കർശനമാക്കും. ഇതിന്റെ ഭാഗമായി, വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിൽ യാത്രക്കാർക്ക് അധിക സുരക്ഷാ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’ എന്ന് അറിയപ്പെടുന്ന ഈ പരിശോധനയ്ക്ക് പുറമെ, വിമാനത്താവള പരിസരത്ത് വാഹനങ്ങളുടെ പരിശോധനയും ഊർജിതമാക്കും.
സുരക്ഷാ നടപടികളുടെ ഭാഗമായി ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അതിനാൽ യാത്രക്കാരെ വിമാനത്താവളത്തിൽ വിടാനോ സ്വീകരിക്കാനോ എത്തുന്നവർക്ക് ടെർമിനലിനുള്ളിൽ പ്രവേശിക്കാൻ അനുവാദമില്ല. പരിശോധനകൾക്ക് സാധാരണയേക്കാൾ കൂടുതൽ സമയം ആവശ്യമായി വരുന്ന സാഹചര്യത്തിൽ, യാത്രക്കാർ പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും അധികൃതർ നിർദ്ദേശിച്ചു.