ആലപ്പുഴ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കേരളത്തിലെത്താൻ ഒരുങ്ങുന്നു. ആലപ്പുഴയിലെ മാങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം സന്ദർശിച്ച് ദേവിയുടെ അനുഗ്രഹം തേടണമെന്ന ആഗ്രഹം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മാങ്കൊമ്പിലെ നാട്ടുകാർ ഹിമന്ത ബിശ്വ ശർമ്മയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം എത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച ഗുവാഹത്തി സ്വദേശിയായ എഴുത്തുകാരൻ നബാരുൺ ബറുവ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ക്ഷണം ശ്രദ്ധിക്കപ്പെട്ടത്. തങ്ങളെ ‘മാമാജി’ എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്യുന്ന അസം മുഖ്യമന്ത്രിയെ തങ്ങളുടെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും നാട്ടുകാർ വീഡിയോയിൽ വ്യക്തമാക്കി.
ക്ഷേത്രദർശനത്തോടൊപ്പം പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസന വിഷയങ്ങളും നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്നുണ്ടായ റോഡ് സൗകര്യങ്ങളിലെ അപര്യാപ്തതയും ഗതാഗത തടസ്സവും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലമായി ബിജെപി അനുഭാവികളാണെന്ന് വ്യക്തമാക്കിയ നാട്ടുകാർ, പ്രദേശത്തെ വികസന വിഷയങ്ങളിൽ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നും അഭ്യർത്ഥിച്ചു. ഇതിനു മറുപടിയായി, വരും ദിവസങ്ങളിൽ മാങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം സന്ദർശിക്കുമെന്നും അനുഗ്രഹം തേടുമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരണവുമായി രംഗത്തെത്തി. ഹിമന്ത ബിശ്വ ശർമ്മയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി-എൻഡിഎ സർക്കാർ നടപ്പാക്കുന്ന വികസന മാതൃക കേരളത്തിലും ചർച്ചയാകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. അടിസ്ഥാന സൗകര്യം, നവീകരണം, യുവാക്കൾക്കുള്ള അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വന്ന മാറ്റം കേരളത്തിലെ ജനങ്ങൾ ഏറെ താൽപ്പര്യത്തോടെയാണ് കാണുന്നത്. അഴിമതിയിൽ നിന്നും പ്രീണന രാഷ്ട്രീയത്തിൽ നിന്നും മാറി പുതിയൊരു രാഷ്ട്രീയ സംസ്കാരം കേരളത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമന്ത ബിശ്വ ശർമ്മയോടൊപ്പം മാങ്കൊമ്പ് ക്ഷേത്രത്തിലെത്തി ദർശനം നടത്താൻ കാത്തിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.