വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീൽ, കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്ലാന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് കാറിൽ കേരളത്തിലേക്ക് വരികയായിരുന്ന ഇരുവരെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ മുഹമ്മദ് റസീലിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായി കരുതിയ ഗ്ലാസ് ട്യൂബും കണ്ടെടുത്തു. പിടിച്ചെടുത്ത 41 ഗ്രാം എംഡിഎംഎ വാണിജ്യ അളവിൽ വരുന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലഹരിമരുന്ന് എവിടെ നിന്ന് എത്തിച്ചു, ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചത് തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 22 പ്രകാരം വാണിജ്യ അളവിൽ ലഹരിമരുന്ന് കൈവശം വെക്കുന്നതും കടത്തുന്നതും കർശന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.