റൊസാരിയോ: പിതാവ് ഹോര്‍ഹെ മെസ്സിയുടെ വിയോഗത്തെ തുടര്‍ന്ന് അര്‍ജന്റീന നായകന് ലയണല്‍ മെസ്സി ഫുട്ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് ക്ലബ് ഫുട്ബോളില്‍ താരത്തിന്റെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. അസുഖബാധിതനായിരുന്ന ഹോര്‍ഹെ മെസ്സി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മെസ്സിയുടെ ജീവിതത്തിലും ഫുട്ബോൾ കരിയറിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.
പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞതോടെ മെസ്സി കുടുംബത്തോടൊപ്പം അര്‍ജന്റീനയിലെത്തി. ഇതിനെത്തുടർന്ന് ഇന്റര്‍ മയാമിക്കായി വരാനിരിക്കുന്ന മത്സരങ്ങളില്‍ താരം കളത്തിലിറങ്ങാനുള്ള സാധ്യതയും മങ്ങി. കടുത്ത ദുഃഖത്തിലായ മെസ്സി നിലവിൽ കുടുംബത്തിനൊപ്പം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. മെസ്സിയുടെ കരിയറിലെ ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളിലെല്ലാം ഹോര്‍ഹെ മെസ്സിയുടെ നിരുപാധിക പിന്തുണയുണ്ടായിരുന്നു.
ബാല്യത്തില്‍ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് നേരിട്ട മെസ്സിക്ക് ചികിത്സ ഉറപ്പാക്കുന്നതിലും പിതാവ് വലിയ പങ്കുവഹിച്ചു. ന്യൂവല്‍സ് ഓള്‍ഡ് ബോയ്സിന്റെ യൂത്ത് ടീമില്‍ കളിച്ചിരുന്ന കാലത്ത് ചികിത്സയ്ക്കായി ഹോര്‍ഹെ ശക്തമായി ഇടപെടുകയും, 13-ാം വയസില്‍ മെസ്സി ബാഴ്സലോണയിലെത്തിയപ്പോഴും കൂടെയുണ്ടാവുകയും ചെയ്തു. താരത്തിന്റെ ഔദ്യോഗിക ഏജന്റായി പ്രവര്‍ത്തിച്ച ഹോര്‍ഹെ, ബാഴ്സലോണ, പി.എസ്.ജി, ഇന്റര്‍ മയാമി തുടങ്ങിയ ക്ലബുകളുമായുള്ള കരാര്‍ ചര്‍ച്ചകളിലും വാണിജ്യ ഇടപാടുകളിലും പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍, മെസ്സി എപ്പോള്‍ കളത്തിലേക്ക് മടങ്ങിയെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക വ്യക്തതയില്ല.