ന്യൂഡൽഹി: മുടിയുടെ നീളത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡ് സ്വദേശി രേണു ധരിയാൽ. എട്ട് അടി പത്ത് ഇഞ്ച് (271.50 സെന്റിമീറ്റർ) നീളമുള്ള മുടിയുമായാണ് രേണു ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്. ഏപ്രിലിൽ ഹൽദ്വാനിയിൽ വെച്ച് നടന്ന ഔദ്യോഗിക അളവെടുപ്പിലാണ് ഈ അപൂർവ്വ നേട്ടം സ്ഥിരീകരിച്ചത്.
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളമുള്ള മുടിയുള്ള വനിത എന്ന നേട്ടത്തോടെ യുക്രെയ്ൻ സ്വദേശിനിയായ അലിയ നസിറോവയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് രേണു മറികടന്നത്. നസിറോവയുടെ മുടിക്ക് 257.33 സെന്റിമീറ്റർ നീളമായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെട്ടിരുന്ന റോബർട്ട് വാഡ്ലോയുടെ ഉയരത്തിന് (272 സെന്റിമീറ്റർ) ഏതാണ്ട് തുല്യമായ നീളം രേണുവിന്റെ മുടിക്കുണ്ട് എന്നത് ഏറെ കൗതുകകരമാണ്.
2015 മുതൽ മുടി മുറിക്കാതെ സംരക്ഷിച്ചു വരുന്ന രേണു, തന്റെ മുടി പരിപാലനത്തിനായി കെമിക്കൽ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്ന രീതിയാണ് പിന്തുടരുന്നത്. വീട്ടിൽ തയ്യാറാക്കുന്ന പ്രകൃതിദത്ത എണ്ണകളും ഷാംപൂവും മാത്രമാണ് ഉപയോഗിക്കുന്നത്. മുടി സംരക്ഷണത്തിന്റെ രഹസ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവെക്കാറുണ്ട്. ക്ഷമയും സ്ഥിരതയുമാണ് ഇത്രയും നീളമുള്ള മുടി സംരക്ഷിക്കുന്നതിന്റെ പ്രധാന ഘടകങ്ങളെന്ന് രേണു പറയുന്നു. തന്റെ ഈ നേട്ടത്തിലൂടെ പ്രകൃതിദത്തമായ സൗന്ദര്യപരിപാലന രീതികളിലേക്കും ഇന്ത്യൻ പാരമ്പര്യത്തിലേക്കും മറ്റുള്ളവരെ പ്രചോദിപ്പിക്കാനാണ് രേണു ആഗ്രഹിക്കുന്നത്.