കണ്ണൂർ: ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പനങ്കാവിലെ വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ വളപട്ടണം പോലീസാണ് കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് ഈ വാഹനം. ചൊവ്വാഴ്ച ഈ കാറിൽ യാത്ര ചെയ്ത ഇയാൾ ബുധനാഴ്ചയോടെ കണ്ണൂരിലെത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനുശേഷം ഇയാൾ ഒളിവിൽ പോയതാണെന്നും പോലീസ് സംശയിക്കുന്നു. വാഹനം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം കർശനമാക്കിയിട്ടുണ്ട്.
അതേസമയം, അർജുൻ ആയങ്കി നേരത്തെ എടപ്പാളിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എടപ്പാളിലെ ഒരു റസ്റ്റോറന്റിൽ വെച്ച് അർജുൻ ആയങ്കി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദിഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അർജുൻ ആയങ്കിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും ഇയാൾക്ക് സഹായം നൽകിയ മറ്റ് ആളുകളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ നീക്കങ്ങളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണസംഘം പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.