കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പാലാഴി മതിരേറ്റ് മീത്തൽ വീട്ടിൽ ലിഗേഷ് (25) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്.
2024 ഒക്ടോബറിൽ പെരുവയലിലെ ഫ്ലാറ്റിൽ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഈ സംഭവത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെ ബന്ധുക്കൾ മാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ പന്തീരാങ്കാവ് കൈമ്പാലത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജേഷ്, ലെനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപക്, റൂബി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.