തൃശൂർ: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ കുറിപ്പ് വിവാദമാകുന്നു. മുട്ടിനു വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന കടുത്ത നിലപാടാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവർത്തിക്കുന്നത്. തനിക്കെതിരെ നടക്കുന്ന അന്വേഷണ നടപടികളെ രൂക്ഷമായി വിമർശിക്കുന്ന ഇയാൾ, തന്നെ തീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിക്കുന്നു.
തനിക്കെതിരെ നിലവിൽ നാല് കേസുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും, കള്ളക്കേസുകളിൽ ജയിലിലടച്ചതോടെ തന്റെ ജീവിതം താറുമാറായെന്നും കുറിപ്പിൽ പറയുന്നു. താൻ തീവ്രവാദിയായത് സിസ്റ്റത്തിന്റെ ഇടപെടലുകൾ മൂലമാണെന്നും, യാതൊരുവിധ മാനസിക അസ്വാസ്ഥ്യമോ ലഹരിയോ ഇല്ലാതെയാണ് താൻ പ്രതികരിക്കുന്നതെന്നും ഇയാൾ വാദിക്കുന്നു. തനിക്കെതിരായ കേസുകളിൽ നിഷ്പക്ഷമായ പുനരന്വേഷണം വേണമെന്നും, തന്നെയും മറ്റു അഞ്ചുപേരെയും ജയിലിലടച്ചതിന് പിന്നിലെ ഉദ്യോഗസ്ഥരുടെ നടപടികളിൽ മറുപടി വേണമെന്നും ഇയാൾ ആവശ്യപ്പെടുന്നു.
സ്വന്തം ജീവിതം തകർന്നതും മകനോടൊപ്പം ചെലവഴിക്കാൻ കഴിയാത്തതുമായ സാഹചര്യം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും, ഈ മുറിവേറ്റ വേദന പകയും പ്രതികാരവുമായി മാറുമെന്ന മുന്നറിയിപ്പും ഇയാൾ നൽകുന്നു. നേരത്തെ കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കീഴടങ്ങില്ലെന്നും തന്നെ പിടികൂടാൻ പോലീസിന് കഴിയുമെങ്കിൽ ശ്രമിക്കട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പോസ്റ്റും ഗൗരവമായി കണ്ട് അർജുൻ ആയങ്കിയെ പിടികൂടാനുള്ള നീക്കങ്ങൾ പോലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.