ഗുരുവായൂർ: മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം എന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മിൽമ അധികൃതർ അറിയിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിലോ ലിങ്കുകളിലോ ആരും കബളിക്കപ്പെടരുതെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.
മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാൽപ്പത്തിയാറ് വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ മിൽമ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് ‘മിൽമ വാർഷികാഘോഷ സമ്മാനം’ എന്ന പേരിൽ സമാനമായ രീതിയിൽ വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. അന്ന് മിൽമ സ്വീകരിച്ച നിയമപരമായ നടപടികളെത്തുടർന്നാണ് ഇത്തരം ലിങ്കുകൾ നീക്കം ചെയ്യാൻ സാധിച്ചത്. സമാനമായ തട്ടിപ്പുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ എത്തുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.