തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
മഴ മുന്നറിയിപ്പും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, മഴയുടെ ശക്തി കുറഞ്ഞെങ്കിലും കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമല്ലാതായി. ട്രാക്ടറുകളും ചെറുതോണികളുമാണ് പലയിടങ്ങളിലും ജനങ്ങളുടെ പ്രധാന യാത്രാമാർഗം. എ.സി. റോഡിലെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.
എറണാകുളത്തും കോട്ടയത്തും രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് തുടരുമ്പോൾ, മറ്റ് സ്ഥലങ്ങളിൽ വെള്ളം ക്രമേണ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജലാശയങ്ങളിലെ ബോട്ടിംഗ്, റാഫ്റ്റിംഗ്, കയാക്കിംഗ് തുടങ്ങിയ വിനോദങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിനും രാത്രി യാത്രകൾക്കും നിയന്ത്രണമുണ്ട്. ഖനന പ്രവർത്തനങ്ങൾ, മണ്ണെടുപ്പ്, തൊഴിലുറപ്പ് ജോലികൾ, തോട്ടം മേഖലയിലെ ജോലി എന്നിവയും നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.