ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 13,200 രൂപയായും, പവന് 1,05,600 രൂപയായും താഴ്ന്നു. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ ഒരു ഗ്രാമിന് 235 രൂപയിൽ തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് പ്രാദേശിക വിപണിയിലെ വിലവ്യത്യാസങ്ങൾക്ക് പ്രധാന കാരണം. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4050 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഫെഡ് നിരക്കുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പശ്ചിമേഷ്യയിലെ നയതന്ത്ര നീക്കങ്ങളുമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
വിപണിയിലെ ഈ വിലക്കുറവ് സ്വർണാഭരണ പ്രേമികൾക്ക് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. എന്നിരുന്നാലും, സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നിലവിലെ വിലയ്ക്കൊപ്പം പണിക്കൂലിയും നികുതിയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ അഞ്ച് ശതമാനം പണിക്കൂലിയും മറ്റ് നികുതികളും ചേർത്ത് ഏകദേശം 1,14,365 രൂപയെങ്കിലും നൽകേണ്ടി വരും.