ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷാ പരിശോധനയ്ക്കായി 24 മണിക്കൂർ വരെ താൽക്കാലികമായി നിയന്ത്രണവിധേയമാക്കി. മുന്നറിയിപ്പില്ലാതെ സേവനങ്ങൾ തടസ്സപ്പെട്ടതോടെ, വാട്സ്ആപ്പ് ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായതിനെതിരെ ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പരാതി ഉന്നയിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് പലരുടെയും അക്കൗണ്ടുകൾ ‘അണ്ടർ റിവ്യൂ’ (Under Review) എന്ന സന്ദേശത്തോടെ പ്രവർത്തനരഹിതമായത്.
പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി സേവന നിബന്ധനകൾ ലംഘിച്ചിരിക്കാൻ സാധ്യതയുള്ള അക്കൗണ്ടുകൾ പതിവായി പരിശോധിക്കാറുണ്ടെന്ന് വാട്സ്ആപ്പ് അധികൃതർ വ്യക്തമാക്കി. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചില അക്കൗണ്ടുകൾ വിലക്കുകയോ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യുന്നത്. സാങ്കേതികമായോ അല്ലാതെയോ തെറ്റായ നടപടികൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും, അത്തരം സന്ദർഭങ്ങളിൽ പ്രശ്നം എത്രയും വേഗം പരിഹരിച്ച് സേവനം പുനഃസ്ഥാപിക്കാൻ ശ്രമിക്കാറുണ്ടെന്നും വാട്സ്ആപ്പ് വക്താവ് അറിയിച്ചു.
ഉപയോക്താവിന്റെ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവന നിബന്ധനകൾക്ക് അനുസൃതമാണോ എന്ന് പരിശോധിച്ചുവരികയാണെന്നും, 24 മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി തീരുമാനം അറിയിക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ ആവശ്യങ്ങൾക്കായി വാട്സ്ആപ്പിനെ ആശ്രയിക്കുന്നവർക്ക് സേവനം തടസ്സപ്പെട്ടത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഔദ്യോഗിക ആപ്പ് മാത്രം ഉപയോഗിക്കുന്നവർക്കും പരിശോധന നേരിടേണ്ടി വന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളെയും മോഷ്ടിക്കപ്പെട്ട ഫോണുകളെയും സംബന്ധിച്ച സഹായ വിവരങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും പരിശോധനാ സന്ദേശത്തോടൊപ്പം നൽകിയിട്ടുണ്ട്.