പുതുക്കാട്: ദേശീയപാതയിൽ പുതുക്കാട് സിഗ്നലിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പട്ടാമ്പി തിരുമിറ്റക്കോട് മേലേതിൽ വീട്ടിൽ റിജാസ് (22) ആണ് മരിച്ചത്. അപകടത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീഷ്മയ്ക്ക് (21) ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് പുതുക്കാട് സിഗ്നലിൽ നിർത്താൻ ശ്രമിക്കവേ, പിന്നാലെ അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സിഗ്നലിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിലേക്കും ഇടിച്ചുകയറി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ റിജാസിനെ ഉടൻ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ശ്രീഷ്മയെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിക്കുകയും അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട പിക്കപ്പ് വാനും മൂന്ന് കാറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.