തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും അതിനെത്തുടർന്നുണ്ടായ ദുരന്തസാഹചര്യങ്ങളും വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായ ഫണ്ടുകൾ അടിയന്തരമായി വിനിയോഗിക്കാൻ മന്ത്രി നിർദേശം നൽകി.
ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപയും, മുനിസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷം രൂപയും, കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപയും വരെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് ഉറപ്പാക്കണം. മഴ ശമിച്ച പ്രദേശങ്ങളിൽ മാലിന്യനീക്കം വേഗത്തിലാക്കുന്നതിനായി ഏകോപിത പ്രവർത്തനം നടത്തണമെന്നും ഒറ്റപ്പെട്ടുപോയ മേഖലകളിലേക്ക് സഹായങ്ങൾ സമയബന്ധിതമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി, റവന്യൂ വകുപ്പ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യ വകുപ്പ്, കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുമായുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ദുരിതബാധിതരുടെ കൃത്യമായ കണക്കെടുപ്പ് നടത്തി അർഹരായ മുഴുവൻ ആളുകൾക്കും സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവർത്തന സംഘങ്ങൾ സജ്ജമായിരിക്കണമെന്നും യോഗം നിർദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.