മൈസൂരു: സ്നാക്ക്സ് പാക്കറ്റിനുള്ളിലുണ്ടായിരുന്ന ചെറിയ പ്ലാസ്റ്റിക് കളിപ്പന്ത് വിഴുങ്ങിയ അഞ്ച് വയസുകാരന് ദാരുണമായി മരിച്ചു. മൈസൂരു ജില്ലയിലെ ഗൗരിപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗൗരിപുര സ്വദേശികളായ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏകമകന് മുകുന്ദ് മയൂര്‍ ആണ് മരിച്ചത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, സ്നാക്ക്സ് പാക്കറ്റിനൊപ്പം ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി അബദ്ധവശാൽ വിഴുങ്ങുകയായിരുന്നു. പന്ത് തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സമുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചത്. ഉടൻതന്നെ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകമകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് കുടുംബം. ഈ സംഭവം ഗൗരിപുര ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തിൽ ഹുൻസൂർ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തിന് ഇടയാക്കിയ സ്നാക്ക്സ് പാക്കറ്റിന്റെയും അതിലുണ്ടായിരുന്ന പന്തിന്റെയും സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്. കുറ്റകരമായ അനാസ്ഥയുണ്ടോ എന്നതുൾപ്പെടെയുള്ള വശങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും.