ന്യൂയോർക്ക്: ടാൽകം പൗഡർ ഉപയോഗത്തെത്തുടർന്ന് അണ്ഡാശയ ക്യാൻസർ ബാധിച്ചെന്ന പരാതിയിൽ 52,675 കോടി രൂപ (6.48 ബില്യൺ ഡോളർ) നഷ്ടപരിഹാരമായി നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ തയ്യാറെടുക്കുന്നു. ടാൽകം പൗഡർ ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാരോപിച്ച് വിവിധ സംസ്ഥാന, ഫെഡറൽ കോടതികളിലായി ആയിരക്കണക്കിന് കേസുകളാണ് കമ്പനിക്കെതിരെ നിലനിൽക്കുന്നത്. ഈ നിയമപോരാട്ടങ്ങൾ പരിഹരിക്കുന്നതിനായി 5.5 ബില്യൺ ഡോളർ നൽകാമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 15 വർഷമായി ജോൺസൺ ആൻഡ് ജോൺസൺ ഈ വിവാദം നേരിട്ടുവരികയാണ്. കമ്പനിയുടെ ബേബി പൗഡറിലും സമാനമായ ടാൽക്ക് അധിഷ്ഠിത ഉൽപ്പന്നങ്ങളിലും ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി തുടക്കത്തിൽ വാദിച്ചിരുന്നുവെങ്കിലും, സുരക്ഷാ ആശങ്കകൾ ശക്തമായതോടെ ലോകമെമ്പാടുമുള്ള ടാൽക്ക് അധിഷ്ഠിത ബേബി പൗഡറുകളുടെ വിൽപ്പന കമ്പനി അവസാനിപ്പിച്ചു. 2020-ൽ അമേരിക്കയിൽ ഇതിന്റെ വിപണനം പൂർണ്ണമായും നിർത്തിവെച്ചിരുന്നു.
ലോകമെമ്പാടുമായി ഏകദേശം 76,000 കേസുകളാണ് കമ്പനി നേരിടുന്നത്. പ്രത്യേക ഫെഡറൽ നിയമങ്ങൾ ഉപയോഗിച്ച് കേസുകളിൽ നിന്ന് തലയൂരാൻ കമ്പനി ശ്രമിക്കുന്നുവെന്ന് വിമർശകർ ആരോപിക്കുന്നു. അടുത്തിടെ കാലിഫോർണിയയിലെ കോടതി, ബേബി പൗഡറിന്റെ ദീർഘകാല ഉപയോഗത്തെത്തുടർന്ന് അണ്ഡാശയ ക്യാൻസർ ബാധിച്ച യുവതിയുടെ കുടുംബത്തിന് 96.6 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. കൂടുതൽ ക്ലെയിമുകൾ കോടതിയിൽ ഫയൽ ചെയ്യപ്പെടുകയാണെങ്കിൽ നഷ്ടപരിഹാരത്തുക ഇനിയും ഉയരാനാണ് സാധ്യത.