തൃപ്പൂണിത്തുറ: പൈപ്പിനുള്ളില്‍ തല കുടുങ്ങി ശ്വാസംമുട്ടി ബുദ്ധിമുട്ടിയ പൂച്ചക്കുഞ്ഞിന് തുണയായി തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന. അതിസാഹസികമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സേനാംഗങ്ങള്‍ക്ക് വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രണ്ട് മാസം മാത്രം പ്രായമുള്ള പൂച്ചക്കുട്ടിയാണ് ചെറിയ പൈപ്പിനുള്ളില്‍ തല കുടുങ്ങി പുറത്തുവരാനാകാതെ കുടുങ്ങിയത്. തൃപ്പൂണിത്തുറ അഗ്നിരക്ഷാനിലയത്തിന് സമീപം താമസിക്കുന്ന അക്ഷയ് എന്ന യുവാവും സിവില്‍ ഡിഫന്‍സ് അംഗമായ വിനോദ് കുമാറും ചേര്‍ന്ന് പൂച്ചക്കുഞ്ഞിനെ രക്ഷയ്ക്കായി അഗ്നിരക്ഷാനിലയത്തിലെത്തിക്കുകയായിരുന്നു. പൈപ്പിന്റെ വലിപ്പക്കുറവ് കാരണം സാധാരണ രീതിയില്‍ പൂച്ചക്കുഞ്ഞിനെ പുറത്തെടുക്കുക ദുഷ്കരമായിരുന്നു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ദിനകര്‍, സിന്മോന്, പ്രവീണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.
പൂച്ചക്കുഞ്ഞിന് പരിക്കേല്‍ക്കാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് സേനാംഗങ്ങള്‍ പൈപ്പ് മുറിച്ചുമാറ്റിയത്. സുരക്ഷിതമായി പുറത്തെടുത്ത പൂച്ചക്കുഞ്ഞിനെ പിന്നീട് അക്ഷയിക്ക് കൈമാറി. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ അഗ്നിരക്ഷാസേനാംഗമായ പ്രവീണ്‍ കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ജീവന് വിലകല്പ്പിച്ചുള്ള സേനയുടെ ഈ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.