ഗുരുവായൂർ: നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഗ്രാമീണ മേഖലയെ അപേക്ഷിച്ച് ജീവിതച്ചെലവ് താരതമ്യേന വളരെ കൂടുതലാണ്. ഇരുവർക്കും വരുമാനമുള്ള കുടുംബങ്ങളിൽ പോലും മാസാവസാനമാകുമ്പോൾ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നത് പതിവാകുന്നുണ്ട്. വർധിച്ചുവരുന്ന വീട്ടുവാടകയും അനുബന്ധ ജീവിതച്ചെലവുകളും മിക്കവരുടെയും സമ്പാദ്യങ്ങളെ കാര്യമായി ബാധിക്കുന്നു. ഇത്തരം സാഹചര്യത്തിൽ നഗര ജീവിതത്തിൽ അച്ചടക്കമുള്ള സാമ്പത്തിക ശീലങ്ങൾ രൂപപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ അനിവാര്യമാണ്.
സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായി ചെലവുകൾക്ക് മുൻപ് നിക്ഷേപങ്ങൾക്ക് മുൻഗണന നൽകണം. നഗരങ്ങളിൽ വരുമാനത്തിന്റെ വലിയൊരു പങ്കും വീട്ടുവാടകയ്ക്കും കറന്റ് ചാർജ്, വാട്ടർ ബിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുമായി ചിലവാക്കേണ്ടി വരുന്നു. വരുമാനത്തിന്റെ 30 ശതമാനത്തിലധികം ഇത്തരം ചെലവുകൾക്കായി മാറ്റിവെക്കരുത്. സമ്പാദ്യത്തിനായി നിശ്ചിത തുക നീക്കിവെച്ചതിന് ശേഷം ബാക്കി വരുന്ന തുക മാത്രം ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കുന്ന രീതി പിന്തുടരുന്നത് സാമ്പത്തിക അടിത്തറ ഭദ്രമാക്കും.
അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ ഓരോ വ്യക്തിയും എമർജൻസി ഫണ്ട് കരുതിയിരിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞത് ആറു മാസത്തെ ജീവിതച്ചെലവുകൾക്ക് തുല്യമായ തുക അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവെക്കണം. നിക്ഷേപം നേരത്തെ ആരംഭിക്കുന്നത് ദീർഘകാല സമ്പത്ത് വർധിപ്പിക്കാൻ സഹായിക്കും. സ്വർണം, ഇക്വിറ്റി, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന മാർഗങ്ങളിൽ നിക്ഷേപം നടത്തുന്നത് നേട്ടം നൽകും. മാസാവസാനം കാത്തിരിക്കാതെ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ നിക്ഷേപം നടത്തുന്നതിലൂടെ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാൻ സാധിക്കും.