കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിനാറ് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് പിടികൂടി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ പത്തനംതിട്ടയിൽ വെച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസും സിറ്റി പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
ഈ മാസം എട്ടിനാണ് ചികിത്സയ്ക്കായി യുവതി മെഡിക്കൽ കോളേജിൽ എത്തിയത്. വയനാട് സ്വദേശിയാണെന്ന തെറ്റായ വിലാസമാണ് ആശുപത്രിയിൽ നൽകിയിരുന്നത്. കൂട്ടിരിപ്പിനായി സുഹൃത്തിന്റെ മാതാവും ഒപ്പമുണ്ടായിരുന്നു. എന്നാൽ, യുവതി ഗർഭിണിയായിരുന്ന വിവരം ബന്ധുക്കൾ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിദേശത്ത് ജോലി ചെയ്തിരുന്ന ഇവർ, ഗർഭസ്ഥ വിവരം പുറത്തറിയുമെന്ന ഭയത്താലാണ് രഹസ്യമായി കോഴിക്കോട്ടെത്തി പ്രസവിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി.
പ്രസവശേഷം ആശുപത്രി വിട്ട ശേഷം, കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് വീണ്ടും മെഡിക്കൽ കോളേജിലെത്തുകയായിരുന്നു. കുഞ്ഞിനെ നോക്കാൻ കൂട്ടിരിപ്പുകാരിയെ ഏൽപ്പിച്ച ശേഷം യുവതി സ്ഥലം വിട്ടു. ഏറെ നേരം കഴിഞ്ഞും യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. യുവതി മൂന്ന് വർഷമായി ഭർത്താവുമായി അകന്നുകഴിയുകയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെ കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റി.