മുംബൈ: വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത അസ്ഥിരത അനുഭവപ്പെട്ടു. വ്യാപാരത്തിനിടെ താഴ്ന്ന നിലവാരത്തിൽ നിന്ന് സെൻസെക്സ് 600 പോയിന്റോളം തിരികെക്കയറിയപ്പോൾ, നിഫ്റ്റി 23,750 നിലവാരത്തിന് മുകളിലേക്ക് തിരിച്ചെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ നേരിയ ഇടിവ് വിപണിയിലെ വിറ്റഴിക്കൽ സമ്മർദ്ദത്തിന് താൽക്കാലിക ആശ്വാസം നൽകിയെങ്കിലും നഷ്ടം തുടരുകയാണ്. വിദേശ നിക്ഷേപകരുടെ (FII) തുടർച്ചയായ ഫണ്ട് പിൻവലിക്കലും ആഗോള വിപണിയിലെ ദുർബലമായ സൂചനകളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ഇപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മീഡിയ, എഫ്.എം.സി.ജി, ബാങ്കിംഗ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ ഉണ്ടായ വാങ്ങൽ താൽപ്പര്യം വിപണിയെ കൂടുതൽ തകർച്ചയിൽ നിന്ന് സംരക്ഷിച്ചു. എന്നാൽ, റിയൽറ്റി മേഖലയിലാണ് വലിയ തിരിച്ചടി നേരിട്ടത്. കൂടാതെ ഓട്ടോ, മെറ്റൽ, ഓയിൽ & ഗ്യാസ്, ഫിനാൻഷ്യൽ സർവീസസ് ഓഹരികളും ഇടിവിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 50-ന്റെ അവർലി ചാർട്ടിൽ ഹ്രസ്വകാല ബെയറിഷ് ട്രെൻഡ് തുടരുകയാണ്. നിലവിൽ 23,600–23,650 സപ്പോർട്ട് സോണിൽ നിന്ന് നിഫ്റ്റി നടത്തിയ ശക്തമായ തിരിച്ചുവരവ്, വാങ്ങലുകാർ വിപണിയെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. സൂചിക 24,000–24,100 ലെവലിന് താഴെയായിരിക്കുന്നിടത്തോളം വിപണിയുടെ ഘടന ദുർബലമായിത്തന്നെ തുടരും. 24,000-ത്തിന് മുകളിൽ ശക്തമായ ക്ലോസിംഗ് ലഭിച്ചാൽ മാത്രമേ വിപണിയിൽ ട്രെൻഡ് റിവേഴ്സൽ പ്രതീക്ഷിക്കാനാകൂ.
ഓഹരികളുടെ കാര്യമെടുത്താൽ, ഇൻഫോസിസ് ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞ് വിറ്റഴിക്കൽ സമ്മർദ്ദം നേരിടുകയാണ്. കമ്പനിയുടെ വരുമാന വളർച്ചാ ലക്ഷ്യത്തിൽ വരുത്തിയ കുറവാണ് തിരിച്ചടിയായത്. അതേസമയം, മികച്ച സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ട സിപ്ല 2.5 ശതമാനം നേട്ടമുണ്ടാക്കി. കമ്പനിയുടെ അറ്റാദായത്തിൽ രേഖപ്പെടുത്തിയ 42 ശതമാനം വർദ്ധനവ് ഓഹരിക്ക് കരുത്തായി. ഇതിനിടെ, ടെലികോം വിതരണ കമ്പനിയായ എച്ച്.എഫ്.സി.എല്ലിൽ (HFCL) വിദേശ നിക്ഷേപകരുടെ പങ്ക് ഇരട്ടിയിലധികമായി വർദ്ധിച്ചത് ശ്രദ്ധേയമായി. എഐ അധിഷ്ഠിത ഡാറ്റാ സെന്ററുകളിൽ നിന്നുള്ള ഡിമാൻഡും പ്രതിരോധ മേഖലയിലെ പുതിയ അവസരങ്ങളുമാണ് ഈ ഓഹരിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.