ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയുടെ ചുമതലകൾ തുടരാൻ സാധിക്കില്ലെന്ന് അദ്ദേഹം സമർപ്പിച്ച രാജിക്കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഓട്ടോണോമിക് ന്യൂറോപ്പതി എന്ന നാഡീരോഗത്താൽ ബുദ്ധിമുട്ടുന്നതായും അദ്ദേഹം അറിയിച്ചു.
1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ സജീവമായി പങ്കെടുത്ത വ്യക്തിയും മുൻ ജഡ്ജിയുമാണ് മുഹമ്മദ് ഷഹാബുദ്ദീൻ. 2023 ഏപ്രിലിലാണ് അദ്ദേഹം ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി ചുമതലയേറ്റത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തികൂടിയാണ് അദ്ദേഹം.
ജാതീയ സൻസദ് സ്പീക്കർക്ക് കൈമാറിയ രാജിക്കത്തിൽ, 2023 ഏപ്രിൽ 24-ന് അധികാരമേറ്റതു മുതൽ ഭരണഘടന അനുസരിച്ചും തികഞ്ഞ ആത്മാർഥതയോടെയും ചുമതലകൾ നിർവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ ഉടലെടുത്ത ജനകീയ പ്രക്ഷോഭത്തെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും ഇടക്കാല സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കാനും സാധിച്ചതായി അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.