തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
നവകേരള യാത്രയ്ക്കിടെ പ്രതിഷേധിക്കാനെത്തിയ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ ഉൾപ്പെട്ടവരിൽ നിന്നും മർദനമേറ്റെന്നായിരുന്നു പരാതി. നിലവിൽ ആലപ്പുഴ എംഎൽഎ ആയ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കാണ് അന്ന് മർദനമേറ്റത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ അക്കാലത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കേസ് അട്ടിമറിക്കുന്നതിനായി ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായിരുന്ന എം.ആർ. അജിത് കുമാർ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് ഇടപെട്ടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.
ഭരണമാറ്റത്തിന് പിന്നാലെ കേസിൽ സർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കുകയും എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ നിയമോപദേശം കൂടി തേടിയ ശേഷമാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയത്. ഇതിന്റെ തുടർച്ചയായാണ് എഡിജിപിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.