ആലപ്പുഴ: രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലെ ഡോക്ടർ ദേവാനന്ദ് ആണ് അന്തരിച്ചത്. 74 വയസ്സായിരുന്നു.
ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ രോഗിയെ പരിശോധിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടിയന്തര ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലമായി മണ്ണഞ്ചേരിയിലെ കാരുണ്യ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ദേവാനന്ദ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും സേവനസന്നദ്ധതയിലൂടെയും പ്രദേശവാസികൾക്കിടയിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഡോക്ടറുടെ നിര്യാണത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുശോചനം രേഖപ്പെടുത്തി.