ന്യൂഡൽഹി: രാജ്യത്ത് വിവിധ സ്മാർട്ട്ഫോൺ മോഡലുകളുടെ വിലയിൽ വൻ വർധന. സാംസങ്, വിവോ, പോകോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 1,000 രൂപ മുതൽ 8,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എം47, വിവോ ടി5 പ്രോ തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് ഈ വിലവർധന ബാധകമാണ്.
ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെയും റാം ഉൾപ്പെടെയുള്ള ഘടകങ്ങളുടെയും ക്ഷാമമാണ് സ്മാർട്ട്ഫോൺ വില കുതിച്ചുയരാൻ പ്രധാന കാരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഡാറ്റാ സെന്ററുകളുടെ പ്രവർത്തനം വർധിച്ചതോടെ മെമ്മറി ഘടകങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറി. ഉൽപാദനച്ചെലവിലുണ്ടായ ഈ വർധന സ്മാർട്ട്ഫോൺ നിർമാതാക്കളെ വില ഉയർത്താൻ നിർബന്ധിതരാക്കുകയായിരുന്നു.
ഏറ്റവും വലിയ വില വർധന സാംസങ് ഗാലക്സി എം47-നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിൽപ്പന ആരംഭിച്ച് ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ഈ മോഡലിന്റെ വിവിധ വേരിയന്റുകളിൽ 8,000 രൂപ വരെയാണ് കമ്പനി വർധിപ്പിച്ചത്. ഇതനുസരിച്ച് 6GB/128GB മോഡലിന്റെ വില 25,999 രൂപയിൽ നിന്ന് 32,999 രൂപയായും, 8GB/128GB വേരിയന്റിന്റെ വില 28,999 രൂപയിൽ നിന്ന് 36,999 രൂപയായും ഉയർന്നു. 8GB/256GB പതിപ്പിന് നിലവിൽ 41,999 രൂപയാണ് വില. വിവോ ടി5 പ്രോ, ടി5എക്സ്, ടി4 ലൈറ്റ് എന്നീ മോഡലുകളുടെ വിലയിലും സമാനമായ വർധനയുണ്ടായിട്ടുണ്ട്. ഇതിൽ വിവോ ടി5 പ്രോയുടെ 8GB/256GB വേരിയന്റിന് 39,999 രൂപയാണ് പുതിയ വില.