ന്യൂയോർക്ക്: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ 1958-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ ധരിച്ച ചരിത്രപ്രസിദ്ധമായ ജഴ്സി റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു. 4.9 മില്യൺ ഡോളർ അഥവാ ഏകദേശം 42 കോടിയിലേറെ രൂപയ്ക്കാണ് ഈ ജഴ്സി പുതിയ ഉടമയെ കണ്ടെത്തിയത്. പെലെയുമായി ബന്ധപ്പെട്ട കായിക സ്മരണികകളിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റഴിക്കപ്പെട്ട വസ്തുവായി ഇതോടെ ഈ ജഴ്സി മാറി.
ന്യൂയോർക്കിൽ സോത്ബീസ് (Sotheby’s) സംഘടിപ്പിച്ച ലേലത്തിൽ അഞ്ചിലധികം പേർ പങ്കെടുത്ത ആവേശകരമായ മത്സരത്തിനൊടുവിലാണ് ജഴ്സി ലേലത്തിൽ പോയത്. 1958-ലെ ലോകകപ്പ് ഫൈനലിൽ ആതിഥേയരായ സ്വീഡനെ 5-2 എന്ന സ്കോറിന് തോൽപ്പിച്ച് ബ്രസീൽ തങ്ങളുടെ കന്നി ലോകകപ്പ് കിരീടം ചൂടിയപ്പോൾ, വെറും 17-ാം വയസ്സിൽ പെലെ ധരിച്ചിരുന്ന ജഴ്സിയാണിത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ പെലെ, ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇന്നും തന്റെ പേരിൽ നിലനിർത്തുന്നു.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ മുഹൂർത്തങ്ങളിൽ ഒന്നായാണ് ഈ ജഴ്സി വിശേഷിപ്പിക്കപ്പെടുന്നത്. 2004-ൽ ഇതേ ജഴ്സി 70,505 പൗണ്ടിന് (ഏകദേശം 1.05 ലക്ഷം ഡോളർ) വിറ്റഴിച്ചിരുന്നിടത്തുനിന്നാണ് രണ്ട് പതിറ്റാണ്ടിനിപ്പുറം മൂല്യം ഇത്രയധികം ഉയർന്നത്. അതേസമയം, കായിക ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്മരണിക എന്ന റെക്കോർഡ് ഇപ്പോഴും അമേരിക്കൻ ബേസ്ബോൾ ഇതിഹാസം ബേബ് റൂത്തിന്റെ 1932-ലെ ജഴ്സിക്കാണ്; 2024-ൽ ഇത് 24.1 മില്യൺ ഡോളറിനാണ് വിറ്റത്. മൈക്കൽ ജോർദാൻ, ഡിയഗോ മറഡോണ എന്നിവരുടെ ജഴ്സികളും മുൻകാലങ്ങളിൽ വൻ തുകയ്ക്ക് ലേലത്തിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.