കാംഗ്ര: ഹോസ്റ്റൽ സേവനങ്ങളിലെ അപാകതകൾക്കും ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിനും എതിരെ പരാതി നൽകിയ വിദ്യാർത്ഥിക്ക് അനുകൂലമായി ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഗ്രേറ്റർ നോയിഡയിലെ ഐഐഎൽഎം യൂണിവേഴ്സിറ്റിയിൽ ബിടെക് വിദ്യാർത്ഥിയായിരുന്ന ഹിമാചൽ പ്രദേശ് സ്വദേശി റാവത്ത് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. 30,000 രൂപ റീഫണ്ടായും 5,000 രൂപ നഷ്ടപരിഹാരമായും ഒപ്പം 9% പലിശയും നൽകണമെന്നാണ് ഉത്തരവ്.
ബിടെക് പഠനത്തിനായി 2023 ഓഗസ്റ്റ് 17-നാണ് വിദ്യാർത്ഥി നോയിഡയിലെ നോളജ് പാർക്കിലെ ഹോസ്റ്റലിൽ താമസമാക്കിയത്. ഒന്നാം സെമസ്റ്ററിലെ താമസത്തിനായി 35,000 രൂപ അഡ്വാൻസായി നൽകിയിരുന്നു. എസി സൗകര്യമുള്ള മുറിയും ഗുണനിലവാരമുള്ള ഭക്ഷണവും വൈ-ഫൈ സൗകര്യവും പതിവ് അറ്റകുറ്റപ്പണികളും ഉറപ്പുനൽകിയിരുന്നെങ്കിലും ഇവയൊന്നും കൃത്യമായി ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. വൈ-ഫൈക്കായി പാസ്വേഡ് പോലും നൽകാതിരുന്നതും ഹോസ്റ്റലിലെ മറ്റ് മെയിന്റനൻസ് വീഴ്ചകളും പഠനത്തെ ബാധിച്ചതിനെത്തുടർന്നാണ് വിദ്യാർത്ഥി നിയമനടപടി സ്വീകരിച്ചത്.
ആദ്യം ഹോസ്റ്റൽ മാനേജർക്ക് നേരിട്ട് പരാതി നൽകിയെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിനെത്തുടർന്നാണ് വിദ്യാർത്ഥി കാംഗ്ര ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നഗരങ്ങളിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് സേവനങ്ങളിൽ വീഴ്ചയുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി. ഹോസ്റ്റൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സേവനത്തിലെ വീഴ്ച ഗൗരവകരമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.