തിരുവനന്തപുരം: സ്വർണപ്പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. നെയ്യാറ്റിൻകര എസ്ഐ അക്ഷയ് കുമാർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ച ബൈക്കിലേക്ക് പ്രതികൾ കാർ ഇടിപ്പിക്കുകയായിരുന്നു.
സ്വർണം പണയം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെയാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, പോലീസ് പിന്തുടരുന്നതായി മനസ്സിലാക്കിയതോടെ ബൈക്കിലേക്ക് മനപ്പൂർവം വാഹനം ഇടിപ്പിച്ച് കയറ്റുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
അപകടത്തിൽ പരിക്കേറ്റ പോലീസുകാരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നിതിൻ സുകുമാരന്റെ കൈക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ ബാലരാമപുരം സ്വദേശിയായ സനോജിനെ കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ ശ്രീജിത്തിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വർണപ്പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പ്രതികൾക്ക് ഇതിലുള്ള പങ്കും സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.