ബെംഗളൂരു: ജോലി ചെയ്യാതെ സമയം കളയുന്നുവെന്ന് നിരന്തരം ഉപദേശിച്ചതിലുള്ള വൈരാഗ്യത്തെത്തുടർന്ന് മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ. കെ.എസ്. ലേഔട്ട് സ്വദേശിയായ പ്രജ്വലിനെയാണ് ബാനർഘട്ട പോലീസ് പിടികൂടിയത്. ഗൗരമ്മയാണ് കൊലപ്പെട്ടത്.
ബാനർഘട്ടയ്ക്ക് സമീപമുള്ള കെഞ്ചഗൊരവയ്യന ദൊഡ്ഡിയിലെ വീട്ടിലാണ് ഗൗരമ്മയും ഭർത്താവും താമസിച്ചിരുന്നത്. കുറച്ചുനാളുകൾക്ക് മുമ്പാണ് പ്രജ്വൽ ഇവിടെ താമസത്തിനെത്തിയത്. ഗൗരമ്മയുടെ ഭർത്താവ് ദൊഡ്ഡ ദുർഗയ്യ ജോലിയാവശ്യത്തിനായി കനകപുരയിലേക്ക് പോയ സമയത്ത് വീട്ടിൽ ഇരുവരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രജ്വൽ മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഉത്തരവാദിത്തത്തോടെ ജീവിക്കണമെന്നും അനാവശ്യമായി പണം ചെലവഴിക്കരുതെന്നും ഗൗരമ്മ പതിവായി ഉപദേശിക്കാറുണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കങ്ങളുമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയും ഇതേ വിഷയത്തിൽ വഴക്കുണ്ടായതിന് പിന്നാലെ ഗൗരമ്മ ഉറങ്ങാൻ കിടന്നു. പുലർച്ചെ രണ്ടുമണിയോടെ അടുക്കളയിൽ നിന്ന് കത്തി എടുത്ത പ്രജ്വൽ, ഉറങ്ങിക്കിടക്കുകയായിരുന്ന ഗൗരമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കൃത്യത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ പ്രതി, അമ്മ ലക്ഷ്മിയോട് താൻ മുത്തശ്ശിയെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രജ്വലിനെ ബുധനാഴ്ച ഉച്ചയോടെ ബാനർഘട്ടയ്ക്ക് സമീപത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.