പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ ക്രൂരതയും സാഹചര്യങ്ങളും വിലയിരുത്തിയാണ് കോടതി അന്തിമ ശിക്ഷയിലേക്ക് കടക്കുന്നത്.
വിചാരണയ്ക്കിടെ കോടതിയിൽ പ്രതി നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, തന്നെ തൂക്കിക്കൊന്നോളൂ എന്നായിരുന്നു പ്രതിയുടെ മറുപടി. ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് വേണ്ടിവന്നാൽ കൊല്ലുമെന്നും പ്രതി കോടതിയിൽ ആവർത്തിച്ചു. ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ താൻ ഗാന്ധിജിയല്ലെന്നും, തനിക്ക് തടസ്സം നിൽക്കുന്നവരോട് ഇതായിരിക്കും രീതിയെന്നും പ്രതി കോടതിയിൽ വെല്ലുവിളിച്ചു. ഈ സമയം കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കളും കോടതി മുറിയിൽ സന്നിഹിതരായിരുന്നു.
കേസിലെ തെളിവുകളും സാക്ഷിമൊഴികളും പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളെയും 30-ലധികം രേഖകളും ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ഹാജരാക്കിയിരുന്നു. വിചാരണയ്ക്കിടെ നാല് സാക്ഷികൾ കൂറുമാറിയെങ്കിലും അത് കേസിനെ ബാധിച്ചിട്ടില്ല. ക്രൂരമായ കൊലപാതകവും പ്രതിയുടെ കോടതിയിലെ പെരുമാറ്റവും പരിഗണിച്ച് എന്ത് ശിക്ഷയായിരിക്കും കോടതി വിധിക്കുകയെന്ന ആകാംക്ഷയിലാണ് കേരളം.