ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഡൽഹി കർക്കർദൂമ അഡീഷണൽ സെഷൻസ് കോടതിയാണ് താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ വിധി പ്രസ്താവിച്ചത്. കേസിൽ വിചാരണ നേരിട്ട ആകെ 11 പ്രതികളിൽ ആറുപേർ കുറ്റക്കാരാണെന്ന് കോടതി സ്ഥിരീകരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപമായി മാറിയ സാഹചര്യത്തിലാണ് അങ്കിത് ശർമ്മ കൊല്ലപ്പെട്ടത്. 2020 ഫെബ്രുവരി 26-ന് ചന്ദ് ബാഗ് പുലിയയ്ക്ക് സമീപത്തെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടായിരുന്നതായും മർദനവും ആയുധങ്ങൾ കൊണ്ടുള്ള ആക്രമണവുമാണ് മരണകാരണമെന്നും വ്യക്തമായിരുന്നു. സംഭവദിവസം അങ്കിത് ശർമ്മയെ താഹിർ ഹുസൈന്റെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയും പിന്നീട് മൃതദേഹം ഓടയിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘം 2,600 പേജുകളുള്ള കുറ്റപത്രമാണ് ഈ കേസിൽ സമർപ്പിച്ചത്. ഫോറൻസിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ലൊക്കേഷൻ വിവരങ്ങൾ, സാക്ഷിമൊഴികൾ എന്നിവ കോടതി വിശദമായി പരിശോധിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കലാപം സൃഷ്ടിക്കൽ, ക്രിമിനൽ ഗൂഢാലോചന, മതവിദ്വേഷം വളർത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. മറ്റ് കലാപക്കേസുകളിലും പ്രതിയായ താഹിർ ഹുസൈനുള്ള ശിക്ഷാ വിധി വരും ദിവസങ്ങളിൽ കോടതി പ്രഖ്യാപിക്കും. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.